Vendaykka pachadi recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം അത്യാവശ്യം വലിപ്പമുള്ള അഞ്ചോ ആറോ വെണ്ടക്ക എടുത്ത്
വെള്ളത്തിൽ കഴുകി തലയും വാലും വെട്ടിക്കളയുക. അതിനു ശേഷം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്ക് ഒരു പച്ചമുളക് കൂടി കീറിയിട്ടു കൊടുക്കാവുന്നതാണ്. അതിനു ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കടുക് ഇട്ട് വറുത്തെടുക്കുക. ശേഷം മൂന്നോ നാലോ ചെറിയ ഉള്ളി കൂടി ചെറുതായി അരിഞ്ഞ് നല്ലത് പോലെ വഴറ്റിയെടുക്കുക.
ശേഷം കറിവേപ്പിലയും വറ്റൽമുളകും കൂടി ഇട്ട് ഒന്ന് വഴറ്റി എടുത്തതിനു ശേഷം വെണ്ടയ്ക്ക കൂടി ചേർത്തു കൊടുക്കുക. വെണ്ടയ്ക്ക ഒന്ന് ഇളക്കി കൊടുത്താൽ മാത്രമാണ് കുഴയാതെ ഇരിക്കുകയുള്ളൂ. മാത്രമല്ല ഒരു കഷണം കുടംപുളി കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ ഒട്ടും കുഴയാതെ വെണ്ടയ്ക്ക ലഭിക്കുന്നതാണ്. വെണ്ടയ്ക്ക പാകമാകുന്ന സമയം കൊണ്ട് ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തൈര് എടുത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് കട്ടയില്ലാതെ ഇളക്കി എടുക്കുക.
വെണ്ടയ്ക്ക ഒന്ന് ഫ്രൈ ആയി കഴിഞ്ഞാൽ അതിലേക്ക് അല്പം മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അതിന് ശേഷം വെണ്ടയ്ക്കയുടെ ചൂട് മുഴുവൻ മാറിക്കഴിഞ്ഞാൽ തയ്യാറാക്കിവെച്ച തൈരിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ചൂടോടു കൂടി വെണ്ടയ്ക്ക ഇട്ടാൽ തൈര് പിരിയാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ ഒട്ടും കുഴയാതെ സ്വാദിഷ്ടമായ വെണ്ടയ്ക്ക കറി തയ്യാറായി കഴിഞ്ഞു. Vendaykka pachadi recipe Video Credit : Keerthana Sandeep