Kottayam Fish Curry Recipe : കേരളത്തിന്റെ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും മീൻ കറി തയ്യാറാക്കുന്നത്. കൂടാതെ വ്യത്യസ്ത മീനുകൾ ഉപയോഗിച്ച് കറികൾ തയ്യാറാക്കുമ്പോഴും പല രുചികളാണ് ലഭിക്കുക. എന്നിരുന്നാലും ഒരിക്കലെങ്കിലും കഴിച്ചവർക്ക് വീണ്ടും കഴിക്കാൻ താല്പര്യമുള്ള ഒരു മീൻ കറിയുടെ രുചിയായിരിക്കും കോട്ടയം സ്റ്റൈൽ. എന്നാൽ പലർക്കും കോട്ടയം സ്റ്റൈൽ മീൻ കറി എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി അത്ര ധാരണ ഉണ്ടായിരിക്കുകയില്ല.
അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ കോട്ടയം മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടുകും, ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ കാശ്മീരി ചില്ലിയും,
അതേ അളവിൽ എരിവുള്ള മുളകുപൊടിയും ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കുക. എന്നാൽ ഒരു കാരണവശാലും പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കണം. പിന്നീട് മൂന്നു മുതൽ നാലെണ്ണം വരെ കുടംപുളി ഇട്ട് വച്ച വെള്ളം ഈയൊരു കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. പൊടികളിലേക്ക് പുളിയുടെ വെള്ളം പൂർണമായും ഇറങ്ങിപ്പിടിച്ച് വറ്റി കിട്ടണം.
അതിനുശേഷം നന്നായി തിളപ്പിച്ച് വെച്ച വെള്ളം കൂടി പൊടിയുടെ കൂട്ടിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വെള്ളം നല്ലതുപോലെ മസാലയിൽ കിടന്ന് തിളച്ച് തുടങ്ങുമ്പോൾ കറിയിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച മീൻ കഷ്ണങ്ങൾ കൂടി കറിയിലേക്ക് ഇട്ട് അടച്ചുവെച്ച് വേവിച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മീനിലേക്ക് നല്ല രീതിയിൽ പൊടികളും, പുളിയുമെല്ലാം ഇറങ്ങി പിടിക്കുന്നതാണ്. ശേഷം നല്ല ചൂട് ചോറിനൊപ്പം സെർവ് ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kottayam Fish Curry Recipe Video Credit : Chef Nibu The Alchemist